ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഈ പഞ്ചായത്തിന്റെ ഒന്നും രണ്ടും വാര്‍ഡുകളായ കണ്ണനാകുഴിയുടെ ഇരുവശങ്ങളിലും വിശാലമായ നെല്പാടങ്ങള് തൊട്ടുരുമ്മിനിലകൊള്ളുന്നു. കിഴക്കന്‍ മേഖലകളില്‍ തെളിഞ്ഞുകാണുന്ന കടുപ്പമുള്ള പാറക്കെട്ടുകളും, ചെമ്മണ് പൊതിഞ്ഞ ചെങ്കല്‍ പ്രതലവും ആണ് ഇവിടെ കാണപ്പെടുന്ന മണ്ണിനം. മധ്യ-പടിഞ്ഞാറന്‍ മേഖലകളില്‍ വളരെ ആഴത്തില്‍ ചെമ്മണ്നിറഞ്ഞ ഉപരിതലത്തോടുകൂടിയ ചെങ്കല്‍ നിറഞ്ഞിരിക്കുന്ന മണ്ണ് കാണപ്പെടുന്നു. വളരെ ഫലഭൂയിഷ്ഠമായ ഈ മണ്ണില്‍ തെങ്ങ്, റബ്ബര്‍, കമുക് തുടങ്ങിയ വൃക്ഷങ്ങളും, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും പയര്‍, ഉഴുന്ന്, മുതിര തുടങ്ങിയ പയറുവര്‍ഗ്ഗങ്ങളും കപ്പ, ചേന, ചേമ്പ് എന്നീ കിഴങ്ങുവര്‍ഗ്ഗങ്ങളും വാഴയും സമൃദ്ധിയായി കൃഷിചെയ്യുന്നു. ഗ്രാമത്തിന്റെ വയലുകള്‍ ആകെ വിസ്തൃതിയുടെ അഞ്ചിലൊന്ന് വരും. ഭക്ഷ്യവിളകളില്‍ നിന്ന് നാണ്യവിളകളിലേക്കുള്ള പരിവര്‍ത്തനം ഈ പഞ്ചായത്തിലും പ്രകടമായി കാണാം. റബ്ബര്കൃഷിയിലുള്ള ലാഭവും ആകര്‍ഷണീയമായ കൃഷി സമ്പ്രദായവും കര്‍ഷകരുടെ ഈ മേഖലയിലേക്കുള്ള തള്ളിക്കയറ്റത്തിന് കാരണമായി. വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ ഗ്രാമത്തിലെ മുഖ്യവിള കപ്പ തന്നെയായിരുന്നു. കൂടാതെ ചേന, കാച്ചില്, ചേമ്പ്, കിഴങ്ങ് തുടങ്ങിയവ ഇടവിളയായും കൃഷി ചെയ്തിരുന്നു. കരഭൂമിയില്‍ വാഴകൃഷിയും പയര്കൃഷിയും ഉണ്ടായിരുന്നു. പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്കൂടി ഒഴുകുന്ന 22.5 കി.മീ. നീളമുള്ള തോടുകള്‍, പഞ്ചായത്ത് പുറമ്പോക്കായി നിലവിലുള്ള 7 ചിറകള്‍, വ്യക്തികളുടെ ഉടമസ്ഥതയിലുളള കുളങ്ങള്‍ എന്നിവയാണ് ഈ പഞ്ചായത്തിലെ ഉപരിതല ജലസ്രോതസ്സുകള്‍.
വിദ്യാഭ്യാസരംഗം
പഞ്ചായത്തില്‍ ആദ്യം ആരംഭിച്ച സ്കൂളാണ് ചത്തിയറ എല്‍.പി.സ്കൂള്‍. കേരളന്‍ നാരായണപിള്ള എന്നയാള്‍ 1911-ല്‍ ഈ സ്കൂള്‍ സ്ഥാപിച്ചെങ്കിലും അധികം താമസിയാതെ ഇത് ഗവണ്മെന്റ് സ്കൂളായി പരിണമിച്ചു. അതുപോലെ 1918-ല്‍ സ്ഥാപിച്ച എല്‍.പി.സ്കൂളാണ് ചാരുംമൂട് സെന്റ് മേരീസ് സ്കൂള്‍. ഇത് പില്ക്കാലത്ത് പേരും പെരുമയും ആര്‍ജ്ജിച്ച വി.വി.ഹൈസ്കൂള്‍ ആയി മാറി. ഇന്ന് ഈ പ്രദേശത്തെ ഏറ്റവും വലിയ ഹൈസ്കൂളാണിത്. 1956-ല്‍ സ്ഥാപിച്ച യു.പി.സ്കൂള്‍ 1964-ല്‍ ഹൈസ്കൂളായി മാറി. ഈ രണ്ട് ഹൈസ്കൂളുകള്‍ നിലവില്‍ വരുന്നതിനുമുമ്പ് താമരക്കുളത്തുകാര്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം നേടുന്നതിനായി വള്ളികുന്നം, കറ്റാനം മാവേലിക്കര, കായംകുളം എന്നീ പ്രദേശങ്ങളില്‍ പോയിരുന്നു. താമരക്കുളത്തുള്ള ഒരാള്‍ക്ക് ഐ.എ.എസ് വരെ കിട്ടുകയുണ്ടായി. കേരളത്തില്‍ നിന്നും ആദ്യമായി മുസ്ളീം സമുദായത്തില്‍പെട്ട ഒരാള്‍ക്ക് ഐ.എ.എസ് കിട്ടുന്നത് താമരക്കുളം നിവാസിയായ പി.എസ്.ഹവീവ് മുഹമ്മദിനാണ്. സെന്റ് മേരീസ് ഇംഗ്ഗീഷ് മീഡിയം സ്കൂള്‍ മൂന്നാം വാര്‍ഡിലും നവജ്യോതി ഇംഗ്ളീഷ് സ്കൂള്‍ പത്താം വാര്‍ഡിലും പ്രവര്‍ത്തിക്കുന്നു. 1918-ല്‍ കൊല്ലം രൂപതയുടെ കീഴില്‍ ലോറന്‍സ് പെരേര എന്ന ബിഷപ്പാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.
അടിസ്ഥാനമേഖലകള്‍
താമരക്കുളം ഗ്രാമപഞ്ചായത്തില്‍ ചത്തിയറ വാര്‍ഡില്‍ തെക്കേയറ്റ് വാടകകെട്ടിടത്തില് 1982-ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഒരു പബ്ളിക് ഹെല്‍ത്ത് സെന്ററും, നൂറനാട് സാനിട്ടോറിയത്തിനോടനുബന്ധിച്ചുളള ഒരു ആശുപത്രിയും ഈ പഞ്ചായത്തിലുണ്ട്. 1934-ാം മാണ്ടില്‍ നൂറനാട് ലെപ്രസി സാനിട്ടോറിയം കുഷ്ഠരോഗികളെ അധിവസിപ്പിച്ച് ചികിത്സിക്കാന്‍ വേണ്ടി മാത്രമായിരുന്നു സ്ഥാപിച്ചത്. കായംകുളം-പുനലൂര്‍ റോഡ് കടന്നുപോകുന്നതിന്റെ തെക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമം എന്നുള്ള നിലയില്‍ സമീപകാലത്തായി ഗതാഗതകാര്യത്തില്‍ പഞ്ചായത്തിന് കുറേയേറെ മുന്നോട്ടു പോകുവാന്‍ കഴിഞ്ഞിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ഈ പ്രദേശത്തുനിന്നും ഏകദേശം 500 തൊഴിലാളികള്‍ സമീപപ്രദേശമായ പണയില്‍, കരിമുളയ്ക്കല്‍ എന്നീ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കശുവണ്ടിവികസന കോര്പ്പറേഷന് ഫാക്ടറികളില്‍ പണിയെടുത്തിരുന്നു. 1977 വര്‍ഷത്തില്‍ ഗവണ്മെന്റ് നടപ്പിലാക്കിയ വ്യവസായവല്ക്കരണപദ്ധതി അനുസരിച്ചുള്ള ഇന്‍ഡസ്ട്രീയല്‍ എസ്റ്റേറ്റില്‍ ഒരെണ്ണം പഞ്ചായത്തിന് സ്ഥാപിതമായിട്ടുണ്ട്.